കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തർ. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി അജിത് കുമാർ, 28ാം പ്രതി പി പി സുരേശ എന്നിവരാണ് കുറ്റക്കാർ. സിബിഐ പ്രത്യേക കോടതി (3)ആണ് വിധി പറഞ്ഞത്. കെവി സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കും. 18 പ്രതികളെയാണ് കേസിൽ വെറുതെവിട്ടത്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി ജയരാജന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
2012 ഫെബ്രുവരി 19ന് വൈകിട്ട് അരിയിൽ പ്രദേശത്ത് മുസ്‌ലിം ലീഗും സിപിഐഎമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20ന് രാവിലെ 11.30നുശേഷം പ്രദേശം സന്ദർശിക്കാനെത്തിയതായിരുന്നു പി ജയരാജനും കല്ല്യാശ്ശേരി എംഎൽഎ ടി വി രാജേഷും. ഇവരുടെ വാഹനം അരിയിൽ മുസ്‌ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞിരുന്നു. ഇതിനിടെ, കോതായി എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ കാണിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും വീട്ടിനു മുന്നിലെ പുഴയിലൂടെ തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവൻ കടവിൽവെച്ച് സിപിഐഎം പ്രവർത്തകർ ഇവരെ പിന്തുടർന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയപ്പോൾ തടഞ്ഞുവെച്ചുവെന്നുമാണ് കേസ് അന്വേഷണത്തിൽ ഉയർന്ന ആരോപണം.
