അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. കോര്‍പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ അധ്യക്ഷന്‍ ആക്കുന്നില്ലെന്നാണ് പരാതി.ബോര്‍ഡിലെ ഫോട്ടോ ചെറുതായെന്ന കാരണത്താല്‍ എം. കെ വര്‍ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി എം.കെ വര്‍ഗീസ് രംഗത്തെത്തിയത്.
ഫോട്ടോ ചെറുതായതുകൊണ്ട് തന്നെയാണ് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രോട്ടോക്കോള്‍ പ്രകാരം എംപിയും എംഎല്‍എയും മേയര്‍ക്ക് താഴെയാണ്. താഴെയുള്ള എംഎല്‍എയെ ഉദ്ഘാടകനാക്കി എന്നു മാത്രമല്ല, മറ്റു കൗണ്‍സിലര്‍മാര്‍ക്കൊപ്പം ചെറിയ ഫോട്ടോയും പോസ്റ്ററില്‍ നല്‍കി. ഇത് അപമാനിക്കലാണെന്ന് എംകെ വര്‍ഗീസ് പറഞ്ഞു.സല്യൂട്ട് വിവാദത്തില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ മറുപടി പോലും കിട്ടിയിട്ടില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. റിമൈന്‍ഡര്‍ നല്‍കാനുള്ള ആലോചനയിലാണ്. അവഗണനയുടെ കാര്യം എന്താണെന്ന് അറിയില്ല. തന്റെ നടപടി സത്യസന്ധമാണെന്നതിനാല്‍ നാളിതുവരെ സിപിഎം ഇടപെടുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്ന് എംകെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
