എം എം മണിക്ക് മറുപടിയുമായി ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ. സി പി എം വിട്ട് മറ്റൊരു പാർട്ടിയിലേയ്ക്ക് പോകുന്നതിനെപ്പറ്റി തത്ക്കാലം ആലോചിക്കുന്നില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുന്നതിന് മുൻപ് പരസ്യ വിമർശനം നടത്തിയത് ശരിയായില്ല. പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ഉൾപ്പടെയുള്ള മുൻ മന്ത്രി എം എം മണിയുടെ വാക്കുകളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ അനുസരിച്ച് നിൽക്കണമെന്നത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സി.പി.എം മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി രാജേന്ദ്രനെതിരെ ഉന്നയിച്ചത് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ്. അത് പറയേണ്ടിയിരുന്നത് സമ്മേളനവേദിയിലായിരുന്നോ അതോ പാര്‍ട്ടി ഘടകത്തിലായിരുന്നോ എന്ന് എം.എം മണി പരിശോധിക്കട്ടേയെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

രാജേന്ദ്രൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് സംഘടനാപരമായി നടപടിയുണ്ടാകുമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും സമ്മേളനത്തിൽ മണി പറഞ്ഞിരുന്നു. പാർട്ടിയുടെ അനുമതിയില്ലാതെ മാദ്ധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തിയതിനെയും മന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *