ഇ ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസിൽ ഉത്തരവുമായി കോടതി. ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനമായ നെപ്പോളിയന്‍റെ അനധികൃതമായ മുഴുവന്‍ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞു.വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.ഉടമയുടെ സ്വന്തം ചെലവിലാണ് രൂപമാറ്റങ്ങള്‍ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമര്‍പ്പിക്കണം.
മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് നിലവിൽ വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ വ്യക്തമാക്കി. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്.
ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷന്‍ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. . ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.
