24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും അഞ്ചാം കിരീടം തേടി ഇറങ്ങുന്ന ഇന്ത്യയും അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി. തോല്‍വി അറിയാതെ ഫൈനലിൽ എത്തിയവരാണ് ഇന്ത്യയും, ഇംഗ്ലണ്ടും.

ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പമാണ് . ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദല്‍. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യക്ക് നായകന്‍ യഷ് ദൂളും ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ ഉഗ്രന്‍ ഫോമില്‍. ഇടംകൈയന്‍ പേസറായ ഇന്ത്യയുടെ രവി കുമാറിന് പകരം ഇംഗ്ലണ്ടിന് ജോഷ്വ ബോയ്ഡനുണ്ട്.

അഞ്ച് കളിയില്‍ 26 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതായിരിക്കും കലാശപ്പോരില്‍ നിര്‍ണായകമാവുക.മൂന്ന് കളിയില്‍ നാലു വിക്കറ്റ് വീതം നേടിയ ലഗ്‌സ്പിന്നര്‍ റെഹാന്‍ അഹമ്മദിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

റണ്ണൊഴുകുന്ന വിക്കറ്റായതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പ്. വിന്‍ഡീസില്‍ അഞ്ചില്‍ അഞ്ചും ജയിച്ചവര്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനം അസാധ്യം.

Leave a Reply

Your email address will not be published. Required fields are marked *