റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടെ അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.എന്നാല്‍, യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി ഏറ്റുമുട്ടല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ യുക്രൈന് ആക്രമണം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്.യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു. അമേരിക്കയുടെ നിലപാട് യുക്രൈന് ജനതയ്ക്കൊപ്പമാണെന്ന് ബൈഡന് യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. യുക്രൈന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്നും ബൈഡന് പറഞ്ഞു.
യുഎസും സഖ്യകക്ഷികളും കൂട്ടായ ശക്തി ഉപയോഗിച്ച് നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും. യുക്രൈന് ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തില്‍ പുതിന് നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈഡന് പറഞ്ഞു.
‘നമ്മുടെ സൈന്യം യുക്രൈനായി പോരാടാന്‍ പോകുന്നില്ല. മറിച്ച് നാറ്റോ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയും പുതിനെ പടിഞ്ഞാറോട്ട് നീങ്ങുന്നതില്‍നിന്ന് തടയുകയം ചെയ്യും. പോളണ്ട്, റൊമാനിയ, ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവയുള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്ക സേനാവിന്യാസം നടത്തിയതായും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന് വിലക്ക് പ്രഖ്യാപിച്ചു. ഇങ്ങനൊരു യുദ്ധമുണ്ടാകുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാ ലോകരാജ്യങ്ങള്‍ക്കും അമേരിക്ക കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ബൈഡന് വ്യക്തമാക്കി.
