കോട്ടയത്ത് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവും കൂട്ടിയിട്ട ബാഗില്‍ നിന്നും അതിന്റെ ഉടമയെയും കണ്ട് പിടിച്ച് പോലീസ് സേനയിലെ ഡോണും ചേതകും. ഒഡീഷ സന്തോഷ്പുര സ്വദേശിയായ പരേഷ് നായിക്ക്(29) ആണ് പിടിയിലായത്. വെള്ളിയാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഡോഗ് സ്ക്വാഡിലെ ഡോണും ചേതകും ചേര്‍ന്ന് തൊണ്ടി മുതലും അത് സുക്ഷിച്ചിരുന്ന ബാഗിന്റെ ഉടമയേയും ആള്‍ക്കൂട്ടത്തില്‍ നിന്നും മണത്ത് കണ്ടുപിടിച്ചത്.
ഡോണ്‍ ലാബ്രഡോര്‍ ഇനത്തില്‍പെട്ട കഞ്ചാവ് കണ്ടെത്തുന്ന സ്നിഫര്‍ വിഭാഗത്തിലെ നായയാണ്. അതേസമയം, ബാഗിന്റെ ഉടമയെ കണ്ടെത്തിയ ചേതക് ആകട്ടെ ബല്‍ജിയം മെലിനോയിസ് ഇനത്തില്‍പെട്ട ട്രാക്കര്‍ നായയാണ്. സൂപ്പര്‍ പെലീസ് നായയെന്നാണ് ചേതക് അറിയപ്പെടുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്രെ അടിസ്ഥാനത്തിലാണ് ഡോണിനേയും ചേതക്കിനേയും ഉള്‍പ്പെടുത്തി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
വെള്ളിയാഴ്ച ഷാലിമാര്‍ എക്സ്പ്രസില്‍ എത്തിയ ഒഡീഷ സ്വദേശി പരേഷ് നായിക്കിന്റെ ബാഗിലൊളിപ്പിച്ച നാല് കിലോ കഞ്ചാവ് പിടികൂടിയത്. പൊലീസും നര്‍കോട്ടിക്സ് സംഘവും ചേര്‍ന്ന് വ്യാപകമായി നടത്തിയ പരിശോധനയില്‍ എട്ടു പേരെ പിടികൂടിയെങ്കിലും ബാഗ് ആരുടേതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ബാഗിലെ തുണിക്കഷണത്തില്നിന്നു മണം പിടിച്ചാണു ചേതക് ഉടമയെ കണ്ടെത്തിയത്. നാര്‍കോട്ടിക്സ് ഡിവൈഎസ്പി എംഎം ജോസ്, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍, ഈസ്റ്റ് എസ്എച്ച്ഒ ഒയു. ശ്രീജിത്ത്, എസ്ഐ എംഎച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
