യുക്രൈനിലെ റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മുതൽ നാലുവരെ ആക്രമണം നിർത്തി സാധാരണക്കാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയിരുന്നു . എന്നാൽ, നാലുമണിക്കുമുമ്പുതന്നെ റഷ്യ ഷെല്ലാക്രമണം പുനഃരാരംഭിച്ചു. ഇതോടെ തുറമുഖനഗരമായ മരിയോപോളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിർത്തിയതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചു.

നിലവിൽ റഷ്യൻ സൈന്യം കീവിലെ ഹൈഡ്രോഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് യുക്രൈൻ പറഞ്ഞു. കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഹൈഡ്രോഇലക്ട്രിക് വൈദ്യുതനിലയം ലക്ഷ്യമാക്കി റഷ്യൻ സൈന്യം നീങ്ങുന്നുവെന്ന് യുക്രൈൻ ജനറൽ സ്റ്റാഫ് വ്യക്തമാക്കി.

അതേസമയം യുദ്ധക്കെടുതിയിൽ പെട്ട സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ വേണ്ടി അമേരിക്ക 3000പേരെ യുക്രൈനിലേക്ക് അയക്കുമെന്ന് വാഷിങ് ടണിലെ യുക്രൈൻ എംബസി പറഞ്ഞു. യുക്രൈനിന്റെ സഹായത്തിന് പോളണ്ടും രംഗത്തെത്തിയിട്ടുണ്ട്. പോളണ്ടിന്റെ പക്കലുള്ള, മിഗ് – 29 യുദ്ധ വിമാനവും എസ് യു – 25 പ്രതിരോധ വിമാനവും നൽകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ സൈന്യത്തിനെതിരേ ശക്തമായ പോരാട്ടമാണ് യുക്രൈൻ നടത്തുന്നത്. നിലനിൽപ്പിന്റെ പോരാട്ടത്തിൽ സാധാരണക്കാരും ആയുധങ്ങൾ കൈയിലെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഹാർഖീവിലെ യുക്രൈൻ സൈന്യത്തിന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ റഷ്യൻ സൈന്യത്തിന് അടിയറവ് പറയേണ്ടി വന്നു എന്നാണ് റിപ്പോർട്ട്. യുക്രൈൻ സൈന്യം റഷ്യൻ സൈന്യത്തിന്റെ 30 യൂണിറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തതായി നെക്സ്റ്റ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *