സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് പോലുള്ള നവയുഗ സാങ്കേതിക വിദ്യകളിലേക്ക് അതിവേഗം ചുവടുമാറുന്ന ഹൈദരാബാദിലെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ ഈ നീക്കം.

അഞ്ച് വര്‍ഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന പൂനെ, മുംബൈ, ചെന്നൈ എന്നീ ഡാറ്റ സെന്ററുകൾക്ക് പുറമെ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത് ഡാറ്റാ സെന്ററാണ് ഹൈദരാബാദില്‍ ഒരുങ്ങുന്നത്. പൂനെ, മുംബൈ, ചെന്നൈ എന്നീ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് ഹൈദരാബാദില്‍ സജ്ജമാക്കുന്നത്. 2025ലായിരിക്കും ഡാറ്റ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുക.

സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനാകും എന്നതടക്കമുള്ള നിരവധി നേട്ടങ്ങള്‍ ഈ ഡാറ്റ സെന്റര്‍ കൊണ്ട് രാജ്യത്തിനുണ്ടാകും. ഡാറ്റ സെന്റര്‍ വികസിപ്പിക്കാനുള്ള 15 വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്കായി 15000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലേക്കെത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശനിക്ഷേപമാകും ഇത്. ക്ലൗഡ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഏകദേശം 10 ശതകോടി ഡോളറിന്റെ അവസരങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *