കെ വി തോമസിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസിയുടേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.അവരുടെ നിലപാട് വന്നുകഴിഞ്ഞാല്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ സി [പറഞ്ഞു. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആരെ വിളിച്ചാലും ഞങ്ങള്‍ പങ്കെടുക്കാന്‍ സമ്മതിക്കാറുണ്ടെന്ന് കോടിയേരി ഇന്നലെ പ്രസ്താവിച്ചു. കോടിയേരി ചരിത്രത്തെ ഇങ്ങനെ തമസ്‌കരിക്കരുതെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കെ കരുണാകരന്‍ വിളിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ്. പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവനെ വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നും നിഷ്‌കരുണം പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസല്ല, സിപിഎമ്മാണ് അസഹിഷ്ണുത കാണിച്ചത്. ചരിത്രത്തെ കോടിയേരി തമസ്‌കരിക്കരുത്. മറ്റുപാര്‍ട്ടികളുമായി സഹകരിക്കാന്‍ ഏറ്റവും കൂടുതല്‍ അനുവദിക്കാതിരിക്കുന്ന പാര്‍ട്ടി സിപിഎമ്മാണ്. കേരള രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാവുന്നതാണ്.

കെ വി തോമസിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ജി സുധാകരന്റെ കാര്യം കൂടി ചര്‍ച്ച ചെയ്യട്ടെ. എന്തുകൊണ്ടാണ് സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തത്?. അതുകൂടി ചര്‍ച്ച ചെയ്യട്ടെയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ കരഞ്ഞ് നിലവിളിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇങ്ങനെ കരണം മറിയരുതായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമായി ഞങ്ങളുടെ ഒരു നേതാവ് മാറുന്നതില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസിനെ ചൊറിയാന്‍ കിട്ടിയാല്‍ നിങ്ങള്‍ക്ക് അതല്ലേ വിഷയമുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *