എലപ്പുള്ളിയില്‍ എസ്‍ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടി കൊന്ന ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോ​ഗിച്ച രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കെഎൽ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നൽകിയ അലിയാർ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. ഇത് ഉപയോ​ഗിക്കുന്നത് അലിയാർ ആണ്. അമ്പലത്തിൽ പോകാനാണ് എന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.30ന് കാർ രമേശ് കൊണ്ടുപോയത്. സംഭവം നടന്ന ശേഷം രമേശിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് ഇന്നലെത്തന്നെ തന്നെ തേടിയെത്തിയിരുന്നെന്നും അലിയാർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ കാർ ഇവിടെ നിർത്തിയിട്ടതെന്ന് സമീപത്തുള്ള കടക്കാരൻ പറയുന്നു. രാവിലെ 11 മണിക്ക് കടയടച്ച് പോകുമ്പോൾ ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച് രണ്ട് മണിയോടെ കടയിൽ എത്തിയപ്പോഴാണ് കാർ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാർ കൊണ്ടു പോകാൻ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നൽകുകയായിരുന്നുവെന്ന് കടക്കാരൻ പറയുന്നു.

സംഭവ സ്ഥലത്തു നിന്ന് ഏതാണ്ട് പത്ത് കിലോമീറ്ററിനുള്ളിലാണ് കാർ കിടന്നിരുന്നത്. രണ്ട് കാറുകളാണ് അക്രമി സംഘം ഉപയോ​ഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച കാർ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിക്കും.

Leave a Reply

Your email address will not be published. Required fields are marked *