അന്താരാഷ്ട്ര നാണയ നിധി ( ഐ എം എഫ്)യിൽ നിന്ന് സഹായം ലഭിക്കാൻ ഇനിയും മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യത്തിൽ ശ്രീലങ്ക ഇന്ത്യയുടെ ഇടക്കാല സഹായം തേടിയെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൂടാതെ ജപ്പാൻ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ശ്രീലങ്കൻ ധന മന്ത്രിയുമായി നിരവധി തവണ ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് സഹായ അഭ്യർത്ഥന.
. ശ്രീലങ്കയുടെ അഭ്യര്‍ഥനയോട് കേന്ദ്ര ധനമന്ത്രി അനുഭാവപൂര്‍വമായാണ് പ്രതികരിച്ചിട്ടുള്ളതെന്നും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായി സംസാരിച്ച് അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
സാമ്പത്തിക പ്രതിസന്ധി മൂലം വലഞ്ഞ ശ്രീലങ്കക്ക് ആദ്യമായി സഹായ ഹസ്തം നീട്ടിയത് ഇന്ത്യയാണ്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണം ശക്തമാക്കാനും ദീര്‍ഘകാലത്തേക്ക് സഹകരണം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളാണ് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ഭക്ഷണ ക്ഷാമം, ഇന്ധന ക്ഷാമം തുടങ്ങിയ കടുത്ത പ്രതിസന്ധിയാണ് ലങ്ക നേരിട്ട് കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഉടലെടുത്തിരുന്നു.
