ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ്.കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.എന്തുകൊണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെൽവ്സ് ഡിമാൻഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. തൻ്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് സാംസ്കാരിക വകുപ്പിനു കൈമാറിയിരുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിൻ്റെ ശ്രമമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാട്ടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരൻ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *