ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫര്‍മാര്‍. താലിബാന്‍ കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി, സന്ന ഇര്‍ഷാദ് മാറ്റു, അദ്നാന്‍ അബിദി, അമിത് ദവെ എന്നിവര്‍ക്കാണ് ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഡാനിഷ് സിദ്ദിഖിയുടെ രണ്ടാം പുലിറ്റ്‌സര്‍ പുരസ്‌കാരമാണിത്. ഇന്ത്യയില്‍ കൊവിഡ് മരണം വ്യാപകമായ സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം.

റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം ക്യാമറയില്‍ പകര്‍ത്തിയതിന് 2018 പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിരുന്നു.

യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെ മയാമിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നു 98 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് ദ് മയാമി ഹെറാള്‍ഡ് പത്രം ബ്രേക്കിങ് ന്യൂസ് വിഭാഗത്തിലെ പുരസ്‌കാരം നേടി. ക്യാപ്പിറ്റള്‍ ഹില്ലിലെ യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അക്രമത്തിന്റെ വാര്‍ത്തകള്‍ക്ക് ദ് വാഷിങ്ടന്‍ പോസ്റ്റിന് സാമൂഹികസേവന വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചു.

ദ് ടാംപ ബേ ടൈംസ് (അന്വേഷണാത്മക റിപ്പോര്‍ട്ടിങ്), ക്വാണ്ട മാഗസിന്‍ (വിവരണാത്മക റിപ്പോര്‍ട്ടിങ്), ന്യൂയോര്‍ക്ക് ടൈംസ് (ദേശീയ രാജ്യാന്തര റിപ്പോര്‍ട്ടിങ്), ലൊസാഞ്ചലസ് ടൈംസ്, ഗെറ്റി ഇമേജസ് (ബ്രേക്കിങ് ന്യൂസ് ഫൊട്ടോഗ്രഫി) തുടങ്ങിയവയും പുരസ്‌കാരങ്ങള്‍ നേടി. യുക്രെയ്ന്‍ യുദ്ധമുഖത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബഹുമതിപത്രമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *