ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മസ്തിഷ്‌ക രോഗത്തിന് ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്. മസ്തിഷ്‌കത്തെ ഗുരുതരമായി ബാധിക്കുന്ന സെറിബ്രല്‍ അന്യൂറിസം എന്ന രോഗമാണ് ഷീ ജിന്‍പിംഗിനെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മസ്തിഷ്‌കത്തിലെ ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്ത് മുഴയുണ്ടായി അതുമൂലം മസ്തിഷ്‌കത്തിന് സമ്മര്‍ദമുണ്ടാകുന്ന രോഗാവസ്ഥായാണ് സെറിബ്രല്‍ അന്യൂറിസം.

രോഗാവസ്ഥ രൂക്ഷമായതിനെത്തുടര്‍ന്ന് പ്രസിഡന്റിനെ 2021 അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഈ രോഗത്തിന്റെ പ്രധാന ചികിത്സാ വിധികളിലൊന്നായ ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് ചികിത്സ സ്വീകരിക്കാനാണ് ഷീ ജിന്‍പിംഗിന്റെ തീരുമാനമെന്നും മാദ്ധ്യമങ്ങള്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ശേഷം ലോക നേതാക്കളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും ഷീ ജിന്‍ പിങ് നടത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 2019-ല്‍ ഇറ്റലി സന്ദര്‍ശിക്കുന്നതിനിടെ അദ്ദേഹം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതേവര്‍ഷം തന്നെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരിക്കാന്‍ പോലും പരസഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസംഗങ്ങളില്‍ വളരെ പതിയെ സംസാരിക്കുന്നതും ഇടവിട്ട് ചുമയ്ക്കുന്നതും ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ത്തി.

ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത നിലനില്‍ക്കേയാണ് ഷീ ജിന്‍പിംഗിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *