നടിയുടെ പീഡന പരാതിയിൽ ദുബായിയിൽ ഒളിവിൽ കഴിയുന്ന നിർമാതാവും സംവിധായകനുമായ വിജയ് ബാബുവിന്റെ പാസ്പോർട്ട് കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും . എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന.

പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പോലീസ് നീക്കം. വീമാനത്താവളത്തിലെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം.

അതേ സമയം, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്ന് വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കിൽ പെടാത്ത പണം സിനിമാ മേഖലയിൽ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 22 നാണ് നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *