തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ഇനി മുതല്‍ 75,000 രൂപ വരെ ചെലവഴിക്കാം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നതിനിടെയാണ് തുകയില്‍ മൂന്നിരട്ടി വര്‍ധന വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.
2015ലെ സര്‍ക്കാര്‍ തീരുമാന പ്രകാരം മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25000 രൂപയും മറ്റുളളവയ്ക്ക് 10000 രൂപയും ചെലവഴിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, വാടക കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 75,000 രൂപ വരെ ചെലവഴിക്കാം. കൂടാതെ മറ്റിടങ്ങളിലെ പരിപാടികള്‍ക്ക് 50000 രൂപയും മറ്റ് ചടങ്ങുകള്‍ക്ക് 25000 രൂപയും വരെ ചെലവിടാം.