വിദ്വേഷ പ്രസംഗത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു.കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.

ഇതിനിടെ പി.സി.ജോര്‍ജ് വീട്ടില്‍ നിന്ന് കടന്ന മാരുതി എസ് ക്രോസ് കാര്‍ ബന്ധുവായ ഡെജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ഡെജോയുടെ ഫോണ്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ വീട്ടില്‍ ഇന്ന് പോലീസ് പരിശോധന നടത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പി.സി.ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുറത്തുപോയത്. തനിക്കൊപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ ഒത്തുകളികൊണ്ടാണെന്ന് കെ.മുരളീധരന്‍ എം.പി. എം.എല്‍.എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പോലീസാണ് നമ്മുടേത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസ് ഒത്തു കളിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കുവാനാണിതെന്നും മുരളിധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *