കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ ദ്വിദിന സിമ്പോസിയം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തത്തില്‍ (CWRDM) തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തത്തിന് ഇരയായ നമ്മുടെ സംസ്ഥാനത്ത് , കാലാവസ്ഥ മാറ്റത്തെ സുസ്ഥിരമായി പ്രതിരോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
കാലവര്‍ഷത്തിന്റെ ഇന്ത്യയിലെ പ്രവേശന കവാടമായ കേരളം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകായി മാറിയ കാലാവസ്ഥയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെയും വരള്‍ച്ചയുടെയും രൂപത്തില്‍ ദുരന്തങ്ങള്‍ തീവ്രമായി കൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ഥ്യത്തോട് പ്രതികരിക്കാന്‍ നമ്മുടെ സംസ്ഥാനം പൂര്‍ണമായും സജ്ജമായിട്ടില്ല. അതിരൂക്ഷ വെള്ളപ്പൊക്കങ്ങളുടെ വാര്‍ഷിക ആവര്‍ത്തനം നമ്മുടെ സമ്പദ് വ്യവസ്ഥയെ അ സ്ഥിരപ്പെടുത്തുന്നു. നീണ്ട കടല്‍ത്തീരമുള്ള കേരളം സമുദ്രനിരപ്പ് ഉയരുമ്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്കും വിധേയമാണ്. 2060 ഓടെ സമുദ്രനിരപ്പ് 0.3 മീറ്ററോളം ഉയരുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പരിഹാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
‘തദ്രി മുതല്‍ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിച്ചത്. ഈ പദ്ധതി ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (INCCC) ന്റെ ധനസഹായത്തോടുകൂടിയാണ് നടത്തിവരുന്നത്. ഐഐടി ബോംബെ, സിഡബ്ല്യുആര്‍ഡിഎം കാലിക്കറ്റ്, എന്‍ഐടി സൂറത്ത്കല്‍ എന്നിവര്‍ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്.
കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാക്കുന്ന ആഘാതങ്ങള്‍, ജലസ്രോതസ്സുകളില്‍ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രം റജിസ്റ്റാര്‍ ഡോ .പി .എസ്. ഹരികുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ്. പി. സാമൂവേല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ രവി ഭൂഷണ്‍ കുമാര്‍ ,ഡോക്ടര്‍ ആര്‍.പി. പാണ്ടേ ,ഡോക്ടര്‍ ദൃശ്യ ടി.കെ ,എന്നിവര്‍ സംസാരിച്ചു. മണ്ണ് , ജല വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര പരിപാലന മാര്‍ഗ്ഗങ്ങളെയും കുറിച്ചുള്ള ‘നീരറിവ്’ എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ വെച്ച് മന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി
CWRDM ല്‍ ഇക്ട്രിക്ക് കാര്‍ ഫ്‌ലാഗ് ഓഫ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു
അനര്‍ട്ടിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് (CWRDM) അനുവദിച്ച ഇലക്ട്രിക്ക് കാറിന്റെ ഫ്‌ലാഗ് ഓഫ് തുറമുഖ , മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ റജിസ്ട്രാര്‍ ഡോ.ഹരികുമാര്‍ പി.എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
