നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ലാക്കന്‍ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 പേരേക്കുറിച്ചും വിവരമില്ല. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന.

നേപ്പാളില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. താരാ എയറിന്റെ 43 വര്‍ഷം പഴക്കമുള്ള 9 എന്‍എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. രണ്ടു പേര്‍ ജര്‍മന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്. മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.

സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *