രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി.ചില നിയമപരമായ കാരണങ്ങളാൽ സിനിമയുടെ റിലീസ് ഒരാഴ്ച്ചത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു. ജൂൺ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.
അണിയറപ്രവർത്തകരുടെ പ്രസ്താവന
അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ “തുറമുഖ”ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നിരിക്കുന്നു. കോവിഡും സാമ്പത്തിക കുടുക്കുകളും തിയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തിയറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്.
എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്! ശുഭാപ്തി വിശ്വാസത്തോടെ, \
തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ.
കൊച്ചി തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും പ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ പീരിഡ് ഡ്രാമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരമാണ് തുറമുഖത്തിന്റെ പ്രമേയം.
