പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്കി. മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത്. 53 വയസ്സായിരുന്നു. കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ നടന്ന ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. രാത്രി 10 മണിയോടെയാണ് കെകെയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കാല്‍നൂറ്റാണ്ടോളമായി പിന്നണി ഗായകനിരയില്‍ സജീവമായിരുന്നു കെ.കെ. ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.