ഇന്ന് ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി 1972 മുതൽ ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.

സംസ്ഥാനത്ത് സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ വൃക്ഷ സമൃദ്ധി 2022 പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമാകും. കേരളത്തില്‍ 43 ലക്ഷം തൈകള്‍ ആണ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 217 കോടി രൂപ ചെലവില്‍ 72 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.832 നഴ്‌സറികളിലായാണ് തൈകള്‍ സജ്ജമാക്കിയിട്ടുളളത്. വനേതരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് പദ്ധതിയില്‍ വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ജൈവവൈവിധ്യ നഷ്ടത്തിന്‍റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്‍റെയും കുന്നുകൂടുന്ന മാലിന്യത്തിന്‍റെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഇത് നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ദിനമാണ്.
പരിസ്ഥിതി ദിനം ഓര്‍മ്മപ്പെടുത്തലാണ്. പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *