രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും.കോണ്‍ഗ്രസുമായി വേദിപങ്കിടുന്നതിനും സഖ്യത്തിലേർപ്പെടുന്നതിനും താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ് പിന്മാറിയത്.യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പങ്കെടുക്കില്ലെന്ന പ്രഖ്യാപനവുമായി ഇരു പാര്‍ട്ടികളും രംഗത്തെത്തിയത്.ബിജെപിക്ക് എതിരെയുള്ള സഖ്യത്തില്‍ മമതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മുന്‍പ് ടിആര്‍എസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചതിലെ പ്രതിഷേധം അറിയിച്ചാണ് ടി.ആര്‍എസ് യോഗം ബഹിഷ്‌കരിക്കുന്നത്.തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ വിഷയം പരിഗണിക്കൂവെന്ന് എ.എ.പി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.പ്രതിപക്ഷ നേതൃത്വം തൃണമൂല്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായല്ല മമത ഇത്തരമൊരു യോഗം വിളിച്ചതെന്ന് മമതയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ച ശേഷമാണ് ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ നിലപാടറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. സീതാറാം യെച്ചൂരിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച നീണ്ടുനിന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ അറിയിച്ചു.കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡി.എം.കെ, ജനതാദള്‍, ആര്‍എല്‍ഡി, ജമ്മുകശ്മീരിലെ നാഷണല്‍ കണ്‍ഫറന്‍സ്, പി.ഡിപി തുടങ്ങിയ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *