തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഉള്ളൂര്‍ സ്വദേശി ഡാനിയലിനെ മര്‍ദിച്ചത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയാണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.

ബസ്സില്‍ നിന്നിറങ്ങിയ ഒരു സംഘം വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയേലിനെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ സഹപാഠിയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഡാനിയേല്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം ചില പൂര്‍വ വിദ്യാര്‍ത്ഥികളും പുറമേ നിന്നുള്ള വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ടായിരുന്നതായും ഡാനിയേല്‍ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികള്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഡാനിയലിന്റെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *