സംസ്ഥാനത്ത് പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം ക്രിമിനലുകളുടെ കൂടെ പൊലീസും ചേര്‍ന്നിരിക്കുകയാണ്. പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. പോലീസ് കേസ് എടുക്കുന്നില്ല. ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലീസ് കൂടി ചേരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് ഫോക്കസ് തിരിക്കാന്‍ ശ്രമം നടക്കുന്നു. പടുകുഴിയില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് കലാപശ്രമമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഗാന്ധി പ്രതിമ തകര്‍ത്തിട്ടും സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഔദാര്യം പറ്റുന്നവരാണ് സാംസ്‌കാരിക നായകര്‍. വിമാനത്തില്‍ നിന്നും മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. ഇ പി ജയരാജനടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി പറയുന്നുണ്ട്.

കേരളം വിട്ടു തമിഴ്‌നാട്ടിലേക്കു പോയാലോ എന്നു താന്‍ ആലോചിക്കുകയാണെന്നു വി.ഡി.സതീശന്‍ പരിഹാസരൂപേണ പറഞ്ഞു.

എറണാകുളത്തും തിരുവനന്തപുരത്തും തന്നെ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ കൊല്ലും എന്നു പറയുന്നത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. സര്‍ക്കാരിനെതിരെയുള്ള സമരം കൂടുതല്‍ ശക്തിയായി മുന്നോട്ടു കൊണ്ടുപോകും. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നാമത്തെയാളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നു ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആയാള്‍ എവിടെയാണെന്ന് അറിയില്ല. നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തില്‍ പ്രതിഷേധം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *