പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവം പങ്കുവെച്ച് വിദേശത്ത് വീട്ടുജോലി ചെയ്തുവരുന്ന മോളി എലിസബത്ത് ജോസഫ്. ലോക കേരള സഭയിലാണ് തന്റെ പ്രവാസ ജീവിതത്തിനിടെ അനുഭവിച്ച ദുരനുഭവങ്ങള്‍ മോളി തുറന്ന് പറഞ്ഞത്.

”എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്” മോളി പറയുന്നു. മുപ്പതാം വയസ്സില്‍ ഖത്തറില്‍ നിന്നും ആരംഭിച്ച പ്രവാസ ജീവിതത്തിലെ അതിജീവനപോരാട്ടത്തെകുറിച്ചാണ് എലിസബത്ത് വേദിയില്‍ പറഞ്ഞത്. ഒമാനില്‍ ജോലി ചെയ്യുന്ന സമയത്ത് വിശപ്പ് സഹിക്കാതെ എച്ചിലില്‍ നിന്നും ഭക്ഷണം കഴിച്ച അനുഭവം എല്ലാവരുടേയും കണ്ണ് നിറച്ചു. ഒരു മലയാളി കുടുംബമാണ് മോളിയോടു ക്രൂരതകള്‍ കാട്ടിയത് എന്നതു സദസ്സിനു ഞെട്ടലായി. പ്രസംഗം കഴിഞ്ഞിറങ്ങിയ മോളിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

‘ഖത്തറില്‍ മാത്രമേ എനിക്കൊരു പേടി സ്വപ്നമുണ്ടായിരുന്നുള്ളൂ. കാരണം അവര്‍ പൈസ തരില്ല. പൈസ ചോദിച്ചപ്പോള്‍ അടിക്കാന്‍ വന്നു, ഞാന്‍ ജയിലില്‍ പോയി. ഒമാനില്‍ വന്നപ്പോഴും ചീത്ത സാഹചര്യമായിരുന്നു. മലയാളി വീട്ടില്‍ ആയിരുന്നു. 30 റിയാല്‍ തന്നു. ചിക്കന്‍പോക്സ് വന്നപ്പോള്‍ 20 റിയാലിന് മരുന്ന് വാങ്ങിയിട്ട് 10 റിയാല്‍ മാത്രമാണ് എനിക്ക് തന്നത്. എന്നിട്ട് അവര്‍ ഭക്ഷണം മേടിച്ച് കഴിച്ച് അത് കച്ചറയില്‍ കൊണ്ടിട്ട് അതില്‍ നിന്നും ഭക്ഷണം എടുത്തു കഴിച്ചിട്ടുണ്ട്. വിശന്നിട്ട്. അതേപോലെയൊക്കെയാണ് എന്റെ ജീവിതം. 18 ാം വയസ്സില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവും അനുജനും മാനസിക രോഗികകളായിരുന്നു. എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളതെന്ന് എല്ലാവരും ചോദിക്കും. ഞാന്‍ പറയും ഇത്രയും വര്‍ഷമായി ഒരുകിടപ്പാടം പോലും ഇല്ലാതെ നിരങ്ങി നീങ്ങികൊണ്ടിരിക്കുകയാണെന്ന് മറുപടി പറയും.’ മോളി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *