മൂന്നംഗ ആക്രമി സംഘം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്തു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെ ജി എം ഒ എ പ്രതികരിച്ചു.

നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റാഫ് നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്യാമിലിയെ ചവിട്ടി താഴെയിട്ട അക്രമികള്‍ അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകര്‍ത്തു.

ആക്രമണം നടത്തിയ യുവാക്കളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

രണ്ടു ദിവസം മുന്‍പ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുകയും നഴ്‌സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതര്‍ ചവറ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *