ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മുസ്ലീം ലീഗ് പുറത്താക്കിയാല്‍ ഖാദര്‍ അനാഥനാകില്ല. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെഎന്‍എ ഖാദര്‍. അദ്ദേഹത്തോട് കളിക്കാന്‍ ലീഗുകാര്‍ നില്‍ക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായി നടക്കുന്നത് അനാവശ്യവിവാദമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. കെഎന്‍എ ഖാദറിനെതിരായ ലീഗ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ കടുക്കുന്ന സാഹചര്യത്തിലാണ് അബ്ദുളള കുട്ടിയുടെ പ്രതികരണം.

ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ കെ എന്‍ എ ഖാദര്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്. സംഭവത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ലീഗ് നേതൃത്വം രംഗത്തെത്തി. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോയെന്ന് ചിന്തിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ ചെയ്തത് മുസ്ലീം ലീഗ് നയത്തിന് എതിരാണ്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എം കെ മുനീര്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു പ്രതികരണം. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്‌നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.

ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. സ്‌നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. പ്രതിമ അനാച്ഛാദനം ചെയ്തത് സിനിമാ സംവിധായകന്‍ രഞ്ജി പണിക്കരാണ്. താന്‍ ആശംസ പ്രാസംഗികനായിരുന്നു. ആര്‍ട്ടിസ്റ്റ് മദനനും ഉണ്ടായിരുന്നു. ആര്‍എസ്എസുകാരുടെ പരിപാടിയല്ലെന്നാണ് എന്റെ അറിവ്, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഇടയില്‍ ഐക്യം വേണമെന്ന് താന്‍ ഏറെക്കാലമായി പറയുന്നതാണെന്നും ഖാദര്‍ പറഞ്ഞു.

കെഎന്‍എ ഖാദറിനെതിരെ മുസ്ലീം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചേക്കാനും സാധ്യതയുണ്ട്. പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കെഎന്‍എ ഖാദറിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *