അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘത്തെ മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ മെഡിക്കല്‍കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരന്തരം അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജ് അമോസ് മാമന്‍ ഐ പി എസ്സിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ മെഡിക്കല്‍ കോളേജിന്‌സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത് സിസിടിവിയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് എടിഎമ്മി ലെത്തിയത്. അതിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പരിസരത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ റൂമില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ തൊഴിലാളികള്‍ ജിംനാസിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ജിംനാസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് പാളയത്തുള്ള ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്ന ഷാനിദിനെയും രജീഷിനെയും പോലീസ് പിടികൂടുന്നത്. ലഹരിക്ക് അടിമകളായ പ്രതികള്‍ നിരവധി വാഹനമോഷണ കേസുകളില്‍പ്പെട്ടവരാണെന്നും കഴിഞ്ഞ ഒരു മാസം മുമ്പേ ജയില്‍ മോചിതരായതാണെന്നും, ഇവരെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പല മോഷണ കേസുകള്‍ക്കും തുമ്പുണ്ടായതായും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ റസാഖ്, ഹരികൃഷ്ണന്‍, സാംസണ്‍, സൈനുദീന്‍, എഎസ്‌ഐ ശിവദാസന്‍ ഡ്രൈവര്‍ സിപിഒ സന്ദീപ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *