കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ ഷമ്മി തിലകന്‍. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാർ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകൻ ചോദിച്ചു. സംഘടനയ്‌ക്കെതിരേ ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനത്തിന്റെ പകുതി പോലും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.അമ്മ സംഘടന നികുതി വെട്ടിച്ചുവെന്നും ഹൈക്കോടതിയിൽ കേസ് നടക്കുന്നതായും ഷമ്മി ആരോപിച്ചു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് നടൻ ഗണേശ് കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ഷമ്മി തിലകൻ ചോദിച്ചു. ഗണേഷി്നറെ ബന്ധുവായ ഡി.വൈ.എസ്.പിയാണ് തനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും അച്ഛൻ തിലകനോട് പണ്ട് ‘അമ്മ’ അംഗങ്ങൾ കാണിച്ചത് ഇപ്പോൾ എന്നോടും കാണിക്കുകയാണന്നും ഷമ്മി കുറ്റപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടിന് 10 മീറ്റര്‍ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂര്‍ണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരേ ഞാന്‍ പരാതി കൊടുത്തു. അവര്‍ ഗുണ്ട മാഫിയയയാണ് പ്രവര്‍ത്തിച്ചത്. എന്റെ അച്ഛനെതിരേ പോലും അവര്‍ പരാതി നല്‍കി. അതിനെതിരേ ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ എനിക്കെതിരേ കേസെടുത്തു. ഞാന്‍ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയത്. എന്നിട്ടാണോ ഗണേഷ് കുമാര്‍ വലിയ വര്‍ത്തമാനം പറയുന്നത്. അച്ഛന്‍ എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍.

അനിതീ എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധം. സംഘടനക്കുള്ളില്‍ തന്നെയാണ് പ്രതികരിച്ചത്. എന്റെ അച്ഛന് വേണ്ടിയും, പൊതുവേ നടക്കുന്ന അനിതീയ്ക്കുമെതിരേയാണ് ശബ്ദമുയര്‍ത്തിയത്. സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരേ ഞാന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. അമ്മയുടെ നിയമാവലി അനുസരിച്ച് മറ്റ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നയാൾ അമ്മയുടെ നേതൃസ്ഥാനത്ത് വരാൻ പാടില്ലന്നാണ്. ഗണേഷ് ഇത് പാലിച്ചിട്ടില്ല. ആത്മയുടെ ഭാരവാഹിയായ ഗണേഷ് അമ്മയുടെ നേതാവായി നിന്നു. അമ്മയിലെ അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്. പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. വിശദീകരണം തൃപ്തികരമല്ലാത്തതെന്തെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. കുറ്റാരോപിതനെ തന്നെ അവർ പ്രിസൈഡിംഗ് ഓഫീസറാക്കി. അയാൾക്ക് മുന്നിൽ ഹാജരാകാൻ തനിക്ക് ചളിപ്പുണ്ടെന്നും ഷമ്മി തിലകൻ വിശദീകരിച്ചു. വിനയന്റെ സിനിമയിൽ നിന്നും താൻ പിന്മാറാൻ കാരണം മുകേഷാണ്. മുകേഷ് തമാശ രൂപേണ ഭീഷണിപ്പെടുത്തി.

2018-ലാണ് ഈ വിഷയം തുടങ്ങുന്നത്‌. ഇടവേള ബാബുവിന് ഞാന്‍ അയച്ച സന്ദേശത്തില്‍ സംവിധായകന്‍ വിനയന്റെ ഒരു കേസിനെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം ജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാം. വിനയന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, മുകേഷും ഇന്നസെന്റും എന്നോട് അതില്‍ അഭിനയിക്കേണ്ട, അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക് എന്നാണ്‌ പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഈ സിനിമയില്‍നിന്ന് പിന്‍മാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞത്.

ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് ഗണേഷ് കുമാര്‍ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്? അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി. അതെല്ലാമാണ് ചോദിച്ചത്. അവര്‍ക്ക് ഇതെല്ലാം സഹിക്കാന്‍ പറ്റുമോ? ഗണേഷ് കുമാര്‍ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്? ഇതൊന്നും എന്താണ് ഗണേഷ് കുമാര്‍ ചോദിക്കാത്തത്? ഞാന്‍ ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ഇനി മറുപടി ഇതായിരിക്കില്ല. ഞാന്‍ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകന്‍ പറഞ്ഞു.അമ്മയുടെ മീറ്റിങ്ങിന്റെ വീഡിയോയും ഫോട്ടോയും ഞാനെടുത്തുവെന്നത് സത്യമാണ്. പക്ഷേ അത് എവിടെയും പുറത്ത് വിട്ടിട്ടില്ല. താൻ ഷൂട്ട് ചെയ്തെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്ത് പോയിട്ടില്ല. അത് താൻ പുറത്തുവിട്ടെന്ന് തെളിയിച്ചാൽ പകുതി മീശ വടിക്കാൻ ഞാൻ തയ്യാറാണെന്നും ഷമ്മി തിലകൻ വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *