കോംഗോയില്‍ കലാപകാരികള്‍ യുവതിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് നിര്‍ബന്ധിച്ച് കഴിപ്പിക്കുകുയും ചെയ്തതായി യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് (സോഫേപാഡി)യുടെ അധ്യക്ഷ ജൂലിയന്‍ ലുസെഞ്ചെയാണ് സംഭവത്തെക്കുറിച്ച് കൗണ്‍സിലില്‍ അറിയിച്ചത്. മെയ് അവസാനം മുതല്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മില്‍ കനത്ത പോരാട്ടങ്ങളും അക്രമങ്ങളും അരങ്ങേറുന്ന കോംഗോയെക്കുറിച്ച് യുഎന്നിന്റെ 15 അംഗ സുരക്ഷാ കൗണ്‍സിലിനു മുന്നിലുള്ള പതിവ് വിശദീകരണ യോഗത്തിലാണ് ജൂലിയന്‍ ലുസെഞ്ചെയുടെ വെളിപ്പെടുത്തല്‍.

നേരത്തെ തട്ടിക്കൊണ്ടുപോയ മറ്റൊരു കുടുംബാംഗത്തിന് മോചനദ്രവ്യം നല്‍കാന്‍ പോയപ്പോഴാണ് കോഡെകോ തീവ്രവാദികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ലുസെഞ്ച് പറഞ്ഞു. നിരന്തരം ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി സംഘടനയോട് പറഞ്ഞു. തുടര്‍ന്ന് തീവ്രവാദികള്‍ ഒരാളുടെ കഴുത്ത് അറുത്തു. അവര്‍ അവന്റെ കുടല്‍ പുറത്തെടുത്തു, അത് പാകം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ബാക്കി ഭക്ഷണം തയ്യാറാക്കാന്‍ അവര്‍ എനിക്ക് രണ്ട് വാട്ടര്‍ കണ്ടെയ്‌നറുകള്‍ കൊണ്ടുവന്നു. തടവുകാര്‍ക്കെല്ലാം അവര്‍ മനുഷ്യമാംസം നല്‍കി. – ലുസെഞ്ച് സെക്യൂരിറ്റി കൗണ്‍സിലിനോട് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ ഇവര്‍ മോചിപ്പിച്ചുവെങ്കിലും വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു തീവ്രവാദ സംഘം അവരെ വീണ്ടും തട്ടിക്കൊണ്ടുപോയി. ഈ സംഘത്തിലെ അംഗങ്ങള്‍ അവരെ നിരന്തരമായി ബലാത്സംഗത്തിനിരയാക്കിയെന്നും ലുസെഞ്ചെ പറഞ്ഞു. അവിടെയും യുവതിയോട് മനുഷ്യമാംസം പാകം ചെയ്യാനും ഭക്ഷിക്കാനും ആവശ്യപ്പെട്ടതായി യുവതി സോഫേപാഡിയോട് പറഞ്ഞതായും അവര്‍ അറിയിച്ചു.

എന്നാല്‍ രണ്ടാമത്തെ തീവ്രവാദ സംഘടനയുടെ പേര് ഇവര്‍ വ്യക്തമാക്കിയില്ല. 20 വര്‍ഷത്തിലധികമായി യുഎന്നിന്റെ നേതൃത്വത്തില്‍ കോംഗോയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *