ഇംഗ്ലണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്നറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ഇന്ത്യന്‍ ടീം ജേഴ്‌സിയില്‍ ബാറ്റുമായി നില്‍ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്‍ക്കും നന്ദി, സഞ്ജു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കളിക്കാരുടെ ചിത്രങ്ങളില്‍ സഞ്ജുവിന് വേണ്ടി ലൈക്കും കമന്റുമായി ആരാധകര്‍ നിറഞ്ഞിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടും സഞ്ജു സാംസണിനെകളിപ്പിക്കാതിരുന്നതില്‍ ടീം മാനേജ്‍മെന്‍റ് കടുത്ത വിമർശനം നേരിടുകയാണ്. ‘ഇതും ഒരു കളി…’ എന്നാണ് കാണികളെ അഭിവാദ്യം ചെയ്യുന്ന സഞ്ജു സാംസണിന്‍റെ ചിത്രം സഹിതം മന്ത്രി വി ശിവന്‍കുട്ടിയുടെ ട്വീറ്റ്. സഞ്ജുവിന് പിന്തുണയുമായി വി ശിവന്‍കുട്ടി രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റ‍ര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ മന്ത്രി നേരത്തെ അതിശക്തമായി വിമർശിച്ചിരുന്നു. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ഫേസ്ബുക്കില്‍ വി ശിവന്‍കുട്ടിയുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *