ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗികവസതിയില്‍നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെടുത്തെന്ന അവകാശവാദവുമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍.പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ സമരക്കാർ പിടിച്ചെടുത്ത പണം എണ്ണിനോക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തി. വൻ തുക പിടിച്ചെടുത്തെന്നും ഈ പണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ശ്രീലങ്കൻ ദിനപത്രമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി കത്തിച്ച പ്രക്ഷോഭകരുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസെ ഉൾപ്പടെ പ്രതിഷേധമറിയിച്ചു .
പ്രസിഡന്‍റിന്‍റെ വസതിയിൽ പ്രക്ഷോഭകർ കയറിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാത്രി പ്രക്ഷോഭകരിൽ പലരും അന്തിയുറങ്ങിയത് കൊട്ടാരത്തിൽ തന്നെ. പ്രസിഡന്‍റിന്‍റെ വസതി കീഴടക്കിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.