നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം.ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി രംഗത്തെത്തി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു.
പ്രതിയായ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവര്‍. ഒരു ഉന്നത പോലീസുദ്യോഗസ്ഥയായിരുന്നു അവര്‍. ഞാന്‍ ഈ കേസിന് പിറകെ പോകാനുള്ള കാരണം ദിലീപ് തന്നെയാണ് അയാള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടാക്കുന്നത്. മറ്റൊരു പ്രധാനതെളിവ് എന്ന് പറഞ്ഞാല്‍ അവര്‍ ജയില്‍ മേധവിയായിരുന്ന കാലത്ത് പള്‍സര്‍ സുനിയ്ക്ക് ഒരു ഫോണ്‍ കൊണ്ടുകൊടുത്തു എന്ന് പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ആ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കാണ്. എന്തുകൊണ്ട് അവരത് മറച്ചുവച്ചു. പള്‍സര്‍ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച പ്രതിയാണെന്ന് അവര്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ദിലീപിന് വിനയാകും. ഇതുവരെ അതിജീവിതയോട് സംസാരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അവര്‍ക്ക് എന്തു താല്‍പര്യമാണ് ഈ കേസിലുള്ളത് എന്ന് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ ഒരിക്കല്‍ പോലും അവര്‍ വന്നിട്ടില്ല-ടിബി മിനി പറഞ്ഞു.നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തി നിൽക്കുമ്പോഴാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ പിന്തുണച്ച് മുൻ ഡിജിപിയുടെ രംഗപ്രവേശം. ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *