ആര്‍എസ്എസ് വേദിയിലെത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ബിജെപി പുറത്തുവിട്ട ഫോട്ടോയ്ക്ക് ഏറ്റവും പ്രചാരണം നല്‍കുന്നത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആര്‍എസ്എസിന് അപ്പുറമുള്ള വ്യക്തിയെന്ന നിലയ്ക്കാണ് പി. പരമേശ്വനെ കേരളം കണ്ടെതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ആര്‍എസ്എസ് വേദി പങ്കിട്ട വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമാണുള്ളത്. സംഘപരിവാര്‍ ശക്തികളുടെ വോട്ട് തനിക്ക് വേണ്ട. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അടുത്തും വോട്ടുചോദിച്ച് പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോള്‍വള്‍ക്കറിന്റെ നിലപാടും സജി ചെറിയാന്‍ പറഞ്ഞതും ഒന്നെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

അതേസമയം, ദിലീപിനെ അനുകൂലിച്ച റിട്ട. ഡിജിപി ശ്രീലേഖയുടെ പരാമര്‍ശത്തിന് ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരാളെ ശിക്ഷിച്ച ശേഷം റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ വന്ന് കേസിനെതിരെ പറഞ്ഞാലെങ്ങനെയിരിക്കും. അതിലൊരു അനൗചിത്യം ഉണ്ട്. റിട്ടയര്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ ഇങ്ങനെ പരാമര്‍ശം നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് അന്വേഷിക്കണം. സത്യമാണോ പുറത്ത് വന്നതെന്ന് അറിയില്ല. അതും പൊലീസ് അന്വേഷിക്കണം. ഡിപിയായി റിട്ടയഡ് ചെയ്ത ഒരു ഉദ്യോഗസ്ഥയാണ് ഇക്കാര്യം പറഞ്ഞതെന്നതും ഞെട്ടിക്കുന്നതാണ്. എന്താണ് സത്യമെന്ന് അറിയില്ല. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ലെന്നതും അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *