ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്സെ രാജ്യം വിട്ടത്. മാലിദ്വീപിലേക്കാണ് പ്രസിഡന്റ് രക്ഷപെട്ടതെന്നാണ് വിവരം.

പ്രസിഡന്റിന്റെ വിമാനം ഇറക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമാണ് മാലിക്കുമേല്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്സെ നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടത്. കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതബയയെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിമാനത്താവളത്തിലെ വിഐപി ലോഞ്ച് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് സാധാരണക്കാര്‍ക്കുള്ള ചാനലിലൂടെ പോകാന്‍ ഗൊതബയ വിസ്സമ്മതിച്ചിരുന്നു. ഇതിനിടെ ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി. ശേഷം ബുധനാഴ്ച രാവിലെയോടെയാണ് ഗൊതബയ സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് പറന്നത്. കഴിഞ്ഞ ദിവസം രാജ്യ വിടാന്‍ ശ്രമിച്ച ഗൊതബയയുടെ സഹോദരന്‍ ബേസില്‍ രജപക്സയെ വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ തടഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ടെര്‍മിനല്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ബേസിലിനെ തടഞ്ഞത്. നേരത്തെ രാജിവെക്കാന്‍ ഗൊതബയ ഉപാധി വെച്ചിരുന്നു. തന്നേയും കുടുംബത്തേയും സുരക്ഷിതമായി രാജ്യം വിടാന്‍ സമ്മതിച്ചാല്‍ രാജിവെക്കാമെന്നാണ് ഗൊതബയ മുന്നോട്ട് വെച്ച നിര്‍ദ്ദേശം.എന്നാല്‍, ഇതൊന്നും പ്രതിപക്ഷ കക്ഷികള്‍ മുഖവിലയ്ക്കെടുത്തിരുന്നില്ല.

ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഇരച്ചുകയറുന്നതിന് മുന്നേ ഗോതബയയെ സൈന്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഗോതബയ രാജിവയ്ക്കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *