സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ ഈ മാസം 22ന് കോടതി വിധി പറയും.ബാലഭാസ്‌കറിന്റെ മരണം അപകടത്തില്‍ സംഭവിച്ചതാണെന്നാണ് സി.ബി.ഐ. നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനെതിരേയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ബാലഭാസ്‌കര്‍ അപകടസമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍, സുഹൃത്ത് പ്രകാശന്‍ തമ്പി പിന്നീട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് പ്രകാശന്‍ തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ. കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് ഡി.ആര്‍.ഐ. ഫോണ്‍ അന്വേഷണത്തിന് അയച്ചിരുന്നു. എന്നാല്‍ സി.ബി.ഐ. ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഫോണിനെ കുറിച്ച് അന്വേഷണം നടത്തിയില്ല എന്നായിരുന്നു ബാലഭാസ്കറിന്റെ അച്ഛന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.എന്നാൽ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹർജിയിൽ വിധി പറയാൻ മാറ്റിയത്.അസ്വാഭാവികമായി ഒന്നും ഫോണില്‍നിന്ന് കണ്ടെത്താനായില്ലെന്നും സി.ബി.ഐക്കു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *