എയര്‍ടെല്ലില്‍ 5,224 കോടി രൂപ നിക്ഷേപിച്ച് ഗൂഗിള്‍. ഇന്ത്യയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് എയര്‍ടെല്ലിലെ നിക്ഷേപവും. ഗൂഗിള്‍ പണം നിക്ഷേപിച്ച കാര്യം എയര്‍ടെല്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും വിപണികളിലെ വികസന സാധ്യതകള്‍ കുറഞ്ഞു തുടങ്ങിയതോടെ പല ടെക്നോളജി കമ്പനികളും ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയിരിക്കുകയാണ്. ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ അമേരിക്കന്‍ ടെക്നോളജി ഭീമന്മാര്‍ റിലയന്‍സ് ജിയോയില്‍ ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

എയര്‍ടെല്ലിന്റെ അഞ്ചു രൂപ മുഖവിലയുള്ള 71,176,839 ഇക്വിറ്റി ഷെയറുകളാണ് ഗൂഗിളിനു നല്‍കുക. ഒരു ഷെയറിന് 734 രൂപ നിരക്കിലാണ് നിക്ഷേപം. എയര്‍ടെലിന്റെ മൊത്തം ഓഹരിയുടെ ഏകദേശം 1.2 ശതമാനമാണ് ഇതോടെ ഗൂഗിളിനു സ്വന്തമാകുക. എയര്‍ടെല്ലും ഗൂഗിളും ക്ലൗഡ് മേഖലയിലും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്.

ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ കമ്പനികള്‍ മുമ്പ് റിലയന്‍സ് ജിയോയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. ഗൂഗിള്‍ നേരത്തേ ജിയോ പ്ലാറ്റ്ഫോമുകളില്‍ 33,737 കോടി രൂപ മുടക്കി 7.73 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണികളിലെ വികസന സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ കമ്പനികളുടെ നിക്ഷേപനീക്കമെന്നാണ് വിലയിരുത്തലുകള്‍.

Leave a Reply

Your email address will not be published. Required fields are marked *