വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരീനാഥന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നാളെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്.ശബരീനാഥന് നോട്ടിസ് നല്‍കി. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനു നിര്‍ദേശം നല്‍കിയത് കെ.എസ്.ശബരീനാഥനാണെന്ന് വിവരം ലഭിച്ചെന്ന് പൊലീസ് പറയുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്.

വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ഇതില്‍ ചോദിക്കുന്നു. എന്നാല്‍, ഈ വാട്സ്ആപ്പ് ചാറ്റിന്റെ ആധികാരികത വ്യക്തമായിട്ടില്ല. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോണ്‍ഗ്രസിന്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല.

ലഭിച്ച തെളിവുകള്‍ ശരിയെന്നും കണ്ടാല്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരീനാഥന്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *