ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണ്, ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തത്. ഇനി താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ജയരാജന് അറിയിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്നും ഇ.പി. ജയരാജന് സ്വീരീകരിച്ചു.
ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെന്ന് വച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏതെങ്കിലും ക്രിമിനല്‍ പറയുന്നത് കേട്ട് വിധിക്കാനാണ് ഇന്‍ഡിഗോയ്ക്ക് താത്പര്യമെങ്കില്‍ ആ കമ്പനി എന്റെ അഭിപ്രായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത കമ്പനിയാണ്. കമ്പനി ശരിക്കും എന്നെ പ്രശംസിച്ചിട്ട് എനിക്ക് അവാര്‍ഡ് തരണം. അവര്‍ക്ക് ചീത്തപ്പേര് ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിച്ചതിന്. ഇന്‍ഡിഗോ മാന്യന്മാരുടെ കമ്പനി ആയിരുന്നെങ്കില്‍ എനിക്ക് അവര്‍ പുരസ്കാരം തരണം.
ഇവരുടെ വിമാനം ഇല്ലെങ്കിലും എനിക്ക് യാത്ര ചെയ്യാനറിയാം. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് അറിയില്ലെന്നാണ് മനസിലാക്കുന്നത്. എനിക്ക് ഇനി അവരുടെ ഒരു സൗജന്യവും വേണ്ട. എന്റെ ഒരു പൈസയും ഈ കോര്‍പ്പറേറ്റ് കമ്പനിയിലേക്ക് പോകില്ല. നടന്നു പോയാലും അവരുടെ വിമാനത്തില്‍ കയറില്ല. ഇതൊരു നിലവാരമില്ലാത്ത കമ്പനിയാണ്. ഇന്റര്‍നാഷണല്‍ ആയാലും, നാഷണല്‍ ആയാലും ഇനി അതില്‍ യാത്രയില്ല. എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ലെന്നും’ ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്കാന് ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇപി പറഞ്ഞു. കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ ഒരു പക്ഷേ ഏറ്റവും അധികം യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. ഇനി നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ജയരാജന് പറഞ്ഞു.