ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍ വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.ലെറ്റ്‌സ് ഇന്‍ഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ന്‍ സ്‌പോട്ടിംഗ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.

ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന ഈ പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്.
ഇ.പിയെ കളിയാക്കാൻ തന്നെ ഇട്ട പോസ്റ്റ് അല്ലെ, ഇന്നലെ വിമാനത്തിൽ പോകാതെ ട്രയിനിൽ കയറി യാത്ര ചെയ്ത നമ്മുടെ ഈപീ, നൈസായിട്ട് ഒന്നു ട്രോളി അല്ലെ, നമ്മൾ ട്രയിനിൽ ഫ്ലൈ ചെയ്തോളാം എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്.
തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നുമാണ് ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *