പ്ലസ് വണ്‍ പ്രവേശനത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സമയപരിധി ഇനിയും നീട്ടിനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് ഉച്ചവരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്. നാലു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനു കാത്തിരിക്കുകയാണ്. ഇവരുടെ പത്താം ക്ലാസ് ഫലം വന്നിട്ട് ഒരു മാസമായി. ഒരു അധ്യയന വര്‍ഷത്തിലെ നിശ്ചിത ക്ലാസുകള്‍ എടുത്തു തീര്‍ക്കണമെങ്കില്‍ എത്രയും വേഗം ക്ലാസുകള്‍ തുടങ്ങണം. ഓഗസ്റ്റ് 17ന് തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇനിയും തീയതി നീട്ടിയാല്‍ അതു വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *