തിരുവനന്തപുരം: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അതിശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സർവകലാശാലയിൽ നടക്കുന്ന അതിക്രമം അതിഗൗരവത്തോടെ കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി എം പിയും സർവകലാശാലാ സ്ഥാപകനുമായ അശോക് കുമാർ മിത്തൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അവിടെ പഠിക്കുന്ന 1500 ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസൗകര്യവും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
പിണറായിയുടെ കുറിപ്പ്
പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി ജെ പി എം പി അശോക് കുമാർ മിത്തലും മാനേജ്മെന്‍റും പ്രതിഷേധത്തെ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ മാനേജ്മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണം. സംഘർഷത്തെ തുടർന്ന് 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ, അവിടെയുള്ള 1500 ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യം. ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി എത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ തയ്യാറാകണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം.
ലൗലി സർവകലാശാലയിൽ സംഭവിക്കുന്നത്
ഹോസ്റ്റലിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടെന്ന ശബ്ദ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. സർവകലാശാലയുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനിയെ അവിടെ ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ പീഡിപ്പിച്ചു എന്നായിരുന്നു പ്രചാരണം. സംഭവം പുറത്തു വരാതിരിക്കാൻ സർവകലാശാല പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്ന് സന്ദേശങ്ങൾ പ്രചരിച്ചു. ശബ്ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ക്യാമ്പസിൽ കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ വലിയ സംഘർഷമുണ്ടായി. പ്രധാന കെട്ടിടങ്ങളിലെ ജനൽ ചില്ലുകളും മറ്റും വിദ്യാർത്ഥികൾ അടിച്ച് തകർത്തു. തുടർന്ന് വലിയ പൊലീസ് സന്നാഹം സ്ഥലത്തെത്തി. പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് വാഹനങ്ങൾ സംഘർഷത്തില്‍ തകർന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പിന്നാലെ നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന പ്രചാരണം വ്യാജമാണെന്നും ഒരു വിദ്യാർത്ഥിക്ക് പോലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ ശബ്ദ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വിദ്യാർത്ഥികൾക്ക് പുറമെ പുറത്ത് നിന്നുള്ളവരും സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ട്. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. സർവകലാശാല 10 ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റലിൽ സുരക്ഷിതമായി തുടരാനും പുറത്ത് ഇറങ്ങരുതെന്നും വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
