സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടി ഹൈക്കോടതി നടപടി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിബിഎസ്ഇ പത്താക്ലാസ് പരീക്ഷാഫലം പുറത്തുവരാത്തതില്‍ പ്ലസ് വണ്‍ പ്രവേശനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാല്‍ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നല്‍കാന്‍ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ്ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മിക്ക സിബിഎസ്ഇ സ്‌കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *