വീടിനു സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കിളിമാനൂര്‍ ബെവ്കോ ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. കിളിമാനൂര്‍ ഇരട്ടച്ചിറ റീനാ ഭവനില്‍ രജീഷ് നല്‍കിയ പരാതിയില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.

കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബിവറേജസ് ഔട്ലെറ്റില്‍ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു. മര്‍ദിച്ച ശേഷം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മര്‍ദിച്ചു.

പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെ രജീഷ് കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് കേസെടുക്കാതെ, ഒത്തു തീര്‍പ്പിന് ശ്രമിക്കുകയാണെന്ന് രജീഷ് ആരോപിച്ചു. തുടര്‍നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണ്, നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രജീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *