നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടി അക്രമത്തിനിരയായ നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ മാസം രണ്ടിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് (ജുഡീഷ്യല്‍) അതിജീവിത അപേക്ഷ നല്‍കിയത്.കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇക്കാര്യം വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും അതിജീവിത അപേക്ഷയിൽ വ്യക്തമാക്കുന്നു.

വനിതാ ജഡ്ജിയുടെ മാറ്റത്തിനൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാ ജഡ്ജിക്ക് കീഴിലേക്കു മാറ്റണം. ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *