പത്തനംതിട്ട കക്കാട്ടാറില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിപിടിച്ചവര്‍ക്കെതിരെ കേസെടുത്തു. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവര്‍ തടിപിടിക്കുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. വനംവകുപ്പും ഇവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം.

മഴ ശക്തമായിരുന്ന തിങ്കളാഴ്ചയാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സാഹസികമായ നീന്തി ഇവര്‍ തടിയില്‍ കയറിയെങ്കിലും കരയില്‍ എത്തിക്കാന്‍ സാധിച്ചില്ല. തടി ഒഴുക്കിനൊപ്പം പോയപ്പോള്‍ യുവാക്കള്‍ തിരികെ കരയിലേക്ക് കയറുകയായിരുന്നു. ഇവരുടെ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

നരന്‍ സിനിമയിലെ ഗാനം കൂടി ചേര്‍ത്താണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ വീഡിയോയ്ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിസാഹസികമായ രീതിയിലാണ് യുവാക്കള്‍ തടിപിടിക്കാനായി പുഴയിലേക്ക് ചാടുന്നത്. മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് തന്നെ ഈ സാഹസികത കാണിച്ചതിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *