കുന്ദമംഗലം സുന്നി ജുമാഅത്ത് പള്ളി ഭരണത്തെക്കുറിച്ച അവകാശതര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിച്ചു. വര്‍ഷങ്ങളായി തുടരുന്ന ചേരിതിരിഞ്ഞുള്ള നിയമ പോരാട്ടം അണികളില്‍ കിടമത്സരത്തിന് വേഗത കൂട്ടുകയാണ്. ഇന്നലെ കുന്ദമംഗലം സുന്നി ജുമാഅത്ത് പള്ളിയില്‍ അരങ്ങേറിയ ഇരുവിഭാഗത്തിന്റെയും പരിധികള്‍ ലംഘിച്ച പോരാട്ടം നിയമപാലകരുടെ ശക്തമായ സാന്നിധ്യം കൊണ്ടാണ് നിയന്ത്രണ വിധേയമായത്. വീണ്ടും സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ്. സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിന് അവസരമൊരുക്കേണ്ടതുണ്ട്. ഇരുവിഭാഗം സുന്നീ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുവാന്‍ ശ്രമിക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുകയാണ്.

ഇന്നലെ വൈകുന്നേരം നാലരക്ക് അസര്‍ നമസ്‌ക്കാര ശേഷമാണ് ഇരു വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ പള്ളിയില്‍ വെച്ച് സംഘട്ടനമുണ്ടായത്. ഇരുവിഭാഗവും നമസ്‌ക്കാര ശേഷം ചേരിതിരിഞ്ഞ് കയ്യാങ്കളിക്ക് മുതിര്‍ന്നതോടെ കോഴിക്കോട് പൊലീസ് അസി.കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സേന പള്ളിയില്‍ കയറി ഇരു വിഭാഗത്തെയും പള്ളിയില്‍ നിന്നും പുറത്തിറക്കി മുന്‍ വശത്തെ കവാടം അടക്കുകയായിരുന്നു. ഏറെ കാലമായി അധികാര തര്‍ക്കം നിലനില്‍ക്കുന്ന ഇവിടെ കോടതി വിധി ഇപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായിട്ടുണ്ടെന്ന് അവകാശപ്പെട്ട് എ. പി. വിഭാഗം പള്ളിയില്‍ പ്രഖ്യാപനത്തിന് മുതിര്‍ന്നപ്പോഴാണ് മറുവിഭാഗം തടഞ്ഞത്. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. ഈ മാസം പതിനൊന്നിന് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗം വരെ കാത്ത് നില്‍ക്കാനും, അതുവരെ മഹല്ല് ഖത്തീബിന് പള്ളി നടത്തിപ്പ് ചുമതല നല്‍കാനുമുള്ള നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചതോടെ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞ് പോകുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലം പ്രദേശത്തിന്റെ സമാധാന അന്തരീക്ഷം കലുഷിത സാഹചര്യത്തിലേക്ക് നീങ്ങുന്നതില്‍ സമാധാന പ്രിയര്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. ഇരുവിഭാഗം സംസ്ഥാന നേതൃത്വവും ഇടപെട്ട് നിഷ്പക്ഷ നിലപാട് സ്വീകരിച്ച് സമവായത്തിലൂടെ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയിക്കുകയാണ് വേണ്ടത്. വീണ്ടും സംഘര്‍ഷ സാദ്ധ്യത പതിയിരിക്കുന്നതിനാല്‍ സുന്നി നേതൃത്വത്തിന്റെ സുചിന്തിതമായ ത്വരിതഗതിയിലുള്ള ഇടപെടലുകള്‍ മഹല്ലിലെ പ്രാദേശിക തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുമെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *