നിയമലംഘനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടര്‍വാഹന വകുപ്പ് പുറത്തിറക്കുന്ന ട്രോള്‍ വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട്’ എന്ന പേരില്‍ പങ്കുവച്ച രസകരമായ ട്രോള്‍ വിഡിയോയാണ് ഇക്കൂട്ടത്തിലെ ‘നവാഗതന്‍’. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി രണ്ടു യുവാക്കള്‍ ചേര്‍ന്ന് തയാറാക്കിയ റീല്‍സാണ് ഈ ട്രോളിന് ആധാരം. നടുറോഡിലൂടെ ഓടുന്ന ബൈക്കില്‍ സഞ്ചരിക്കുന്ന യുവാക്കളില്‍, പിന്നിലിരിക്കുന്നയാള്‍ ബൈക്ക് ഓടിക്കുന്നയാളെ ‘ലൈവായി കുളിപ്പിക്കു’ന്ന വിഡിയോയാണിത്.

ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് യുവാക്കള്‍ ബൈക്കില്‍ പോകുന്നത്. റോഡരികില്‍ നില്‍ക്കുന്നവര്‍ യുവാക്കളെ നോക്കുന്നതും വീഡിയോയിലുണ്ട്. ഇതിനുപിന്നാലെയാണ് ‘നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട്’ എന്ന ക്യാപ്ഷനോടുകൂടി, ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ എം വി ഡി ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

‘ എല്ലാം കാണിച്ചുകൊണ്ടാണ് സാറെ അവന്‍ കുളിക്കുന്നത്’ എന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രോളുകള്‍ ഉണ്ടാക്കിയത്. പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ദൃശ്യമാണ് ‘ട്വിസ്റ്റ്’. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കിയെന്ന അറിയിപ്പും വിഡിയോയിലുണ്ട്. ഇതിനകം മോട്ടര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച ട്രോള്‍ വിഡിയോകള്‍ സൂപ്പര്‍ ഹിറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *